കുളത്തുപ്പുഴ: അരിപ്പയില്‍ ഭൂസമരക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് വനഭൂമിയാണെന്നു വനംവകുപ്പ്. ഭൂമിയില്‍ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും ഉത്തരവ്.
ജില്ലയിലെ കുളത്തൂപ്പുഴയോട് ചേര്‍ന്നുള്ള അരിപ്പയില്‍, ഭൂമിയില്ലാത്ത നിര്‍ധനരായ കുടുംബങ്ങള്‍ക്കും ആദിവാസികള്‍ക്കും കഴിഞ്ഞ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഭൂമി പട്ടയം നല്കി വിതരണം ചെയ്തത്. എന്നാല്‍, വിതരണം ചെയ്ത ഭൂമി വനഭൂമിയാണെന്നും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നുമുള്ള വനം വകുപ്പിന്റെ നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കും നിയമ തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കുമെന്നുറപ്പായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യവ്യക്തി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഭൂമി പാട്ട കാലാവധി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തിരിച്ചെടുത്തു.
ഈ ഭൂമിയിലാണ് ഒന്നര പതിറ്റാണ്ട് മുമ്പ് ഭൂരഹിതരായ സമരക്കാര്‍ ഭൂമി കൈയേറി കുടില്‍ കെട്ടി താമസിച്ച് സമരം ആരംഭിച്ചത്. നിരവധി ചര്‍ച്ച കള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ ഫെബ്രുവരി 14 നാണ് പിണറായി വിജയന് സര്‍ക്കാര്‍ സമരക്കാര്‍ക്കായി ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് പട്ടയം നല്‍കിയത്.
സര്‍ക്കാര്‍ പിടിച്ചെടുത്ത വനഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഇരുവകുപ്പുകളും തുടരുന്നതിനിടെ തങ്ങളുടെ അനുമതിയില്ലാതെയാണ് പട്ടയ വിതരണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. വിതരണം ചെയ്ത ഭൂമി പ്ലാന്റേഷന് കോര്‍പ്പറേഷനന്റെ കൈവശമിരുന്ന റിസര്‍വ് വനഭൂമിയുടെ പരിധിയില്‍ വരുന്നതാണെന്നും, കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം ഇവിടെ സ്ഥിരമായ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുമതിയില്ലെന്നുമാണ് വനം വകുപ്പിന്റെ വാദം. നിലവില്‍ തര്‍ക്കം തുടരുന്ന വനഭൂമിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിനോ നിര്മാണപ്രവര് ത്തനങ്ങള്നടത്തുന്നതിനോ അനുവാദമില്ലെന്നും അത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അഞ്ചല്‍ റെയിഞ്ച് ഓഫിസര്‍ നല്കിയ നോട്ടീസില്‍ പറയുന്നു.
ഭൂമി ലഭിച്ച പലരും വീട് വയ്ക്കുന്നതിനായി മരങ്ങള്‍ മുറിച്ചുനീക്കുന്നതിനായി വില്പന കരാര്‍ നല്കി പണം കൈപ്പറ്റുകയും കുറെയൊ ക്കെ മുറിച്ചു മാറ്റുകയും ചെയ്തു കഴിഞ്ഞു. അ നധികൃതമായി മരം മുറിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വനം വകുപ്പ് രംഗത്തെത്തിയതോടെ കയ്യില്‍ സര്‍ക്കാരിന്റെ സാധുവായ പട്ടയമുണ്ടായിട്ടും അവിടെ അടച്ചുറപ്പുള്ള വീട് വെയ്ക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍. പലരും മഴയും വെയിലുമേറ്റ് പ്ലാസ്റ്റിക് ഷെഡുകളിലും താത്കാലിക നിര്മിതികളിലുമാണ് വര്‍ഷങ്ങളായി കഴിച്ചുകൂട്ടുന്നത്.
സര്‍ക്കാര്‍ പട്ടയം നല്കിയ ഭുമിയില്‍ വീട് വയ്ക്കണമെങ്കില്‍ മരം മുറിക്കണം. മരം മുറിച്ചാല്‍ വനം വകുപ്പ് കേസെടുക്കും. ഈ നിലയെത്തിയതോടെ അരിപ്പ ഭൂവിതരണം നിയമകുരുക്കിലേക്ക് മാറുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഉന്നതതല ഇടപെടലിലൂടെ മാത്രമേ ഈ വിഷയത്തിന് ശാശ്വത പരിഹാരം സാധ്യമാകൂ.